Sunday, October 5, 2008

'ബര്‍സ'യെക്കുറിച്ച് സഹോദരി കെ.പി.സല്‍വ.....


'ബര്‍സ'ക്ക് ഇസ്ലാമിന്റെ അകത്തു നിന്നാണുത്തരം വേണ്ടതെങ്കില്‍ അതിന്റെ അടിസ്ഥാനങ്ങളായ ഏകദൈവത്തിനു വഴിപ്പെടൂന്ന ജീവിതം, പ്രവാചകന്മാരുടെ ജീവിതം, ആകാശങ്ങളില്‍ തീര്‍പ്പാക്കപ്പെടുന്ന ജീവിതം എന്നിവ അംഗീകച്ചു കൊണ്ടായിരിക്കണം. ഇസ്ലാമിന്റെ ഏകദൈവ സങ്കല്പ്പത്തെ ബഹുക്കളിലൂടെ ഏകത്തിലെത്തുന്ന ഭാരതീയ ദൈവസങ്കല്പ്പവുമായി കൂട്ടിക്കെട്ടുന്നിടത്താണു 'ബര്‍സ' വഴിപിരിയല്‍ ആരംഭിക്കുന്നത്. മനുഷ്യന്റെ എക്കാലത്തെയും പ്രശ്നം ദൈവം ഉണ്ടോ ഇല്ലേ എന്നതായിരുന്നില്ല. മറിച്ച്, ദൈവത്തിന്റെ ഗുണങ്ങളും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അഭാവമായിരുന്നു. ഇസ്ലാമിനിതില്‍ വ്യക്തതയുണ്ട്. മനുഷ്യനെ സ്ര്യഷ്ടിച്ച , സം രക്ഷിക്കുന്ന, വഴി കാണിക്കുന്ന കാണിക്കുന്ന കാരുണ്യമൂര്‍ത്തിയായ , വീണ്ടൂം വീണ്ടും മാപ്പ് നല്‍കുന്ന, അങ്ങേയറ്റത്ത് കഠിനമായി ശിക്ഷിക്കുന്ന, സജീവ സാനിധ്യമായ , ജീവിതത്തില്‍ ഇടപെടൂന്ന, സര്‍ വ്വവ്യാപിയും ഏകവുമായ ഉണര്‍ന്നിരിക്കുന്ന ദൈവം. നിരാശ്രയനായ, തനിക്ക് വഴിപ്പെടാനല്ലാതെ മനുഷ്യനെയും ഭൂതഗണങ്ങളെയും സ്ര്യഷ്ടിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന ദൈവം ജീവിതത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണാവശ്യപ്പെടൂന്നത്.

'ബര്‍സ'യില്‍ ഇങ്ങിനെയൊരു ദൈവത്തെ നാം കണ്ടുമുട്ടുന്നില്ല. മറിച്ച്, സ്ര്യഷ്ടിയോട് ഒന്നും ആജ്ഞാപിക്കാത്ത, ജീവിതത്തില്‍ ഇടപെടാത്ത, അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും നിശ്ശബ്ദ കാവല്‍ക്കാരനായ ക്ഷിപ്രകോപിയും കാരുണ്യവാനുമായ ദൈവം. ഇങ്ങിനെയൊരു ദൈവത്തെ ഇതിനു മുമ്പ് കാണുന്നത് രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകത്തി'ലാണു. ഇത് ഏകദൈവ വിശ്വാസത്തിന്റെതല്ല, ബഹുദൈവങ്ങളുടെ സാനിധ്യത്തില്‍ മാത്രമുണ്ടാവുന്നതാണു. മുഴുജീവിതത്തിലും ഇടപെടുന്ന ഉടമസ്ഥനായ ദൈവത്തെ അറിയുമ്പോള്‍ മാത്രമേ ദൈവത്തിനു മുന്നില്‍ പൂര്‍ണമായി സമര്‍പ്പിക്കേണ്ട ജീവിതത്തെ അംഗീകരിക്കാനാവൂ.

ദൈവിക വെളിപാടൂകളാണു ഖുര്‍ ആന്‍. അത് മനുഷ്യരിലേക്ക് എത്തുന്ന വഴിയാണു പ്രവാചകന്മാര്‍. അവര്‍ തന്നെയാണതിന്റെ പ്രായോഗിക മാത്ര്യകകളും. പ്രവാചകത്വൗം ദിവ്യ വെളിപാടൂകളും അസംഭവ്യമാണെന്ന വാദം 'ബര്‍സ'ക്കില്ല. എന്നാല്‍ പ്രവാചകത്വം യാഥാര്‍ത്ഥ്യമോ മായയോ എന്ന സംശയം വളരെ ശക്തമായി ഉന്നയിക്കുന്നു. ദൈവവും മനുഷ്യനും ഒന്നുചേരുന്ന (അഹം ബ്രഹ്മാസ്മി) അവസ്ഥയാണു നോവല്‍ പകരം വെക്കുന്നതെ. ദൈവവും മനുഷ്യനും തീര്‍ത്തും വ്യത്യസ്തങ്ങളായ രണ്ട് അസ്തിത്വങ്ങളാണു. അതല്ലാതിരിക്കുന്നിടത്താണാള്‍ ദൈവങ്ങള്‍ക്കുള്ള ഇടം. ആള്‍ദൈവങ്ങളീല്‍ മുക്കാല്‍ പങ്കിനും ഭാരതീയമായ വേരുകളുണ്ടായതിനെ ഇതിനോട് ചേര്‍ത്തു വായിക്കാം.


ഇസ് ലാമിന്റെ എല്ല മഹത്വങ്ങളും അംഗീകരിക്കുമ്പോള്‍ തന്നെ ഇസ് ലാമിനെയും പ്രവാചകനെയും കാലഘട്ടത്തിന്റെ സ്ര്യഷ്ടിയായി മാത്രം ചിത്രീകരിക്കുന്ന ഭീമാബദ്ധം ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്. അന്ധമായ വിരോധമോ മനുഷ്യയുക്തിക്കടിയറ വെച്ച ചിന്തയോ മറ്റെന്തെങ്കിലും കാരണമോ ആവട്ടെ പ്രവാചകത്വ(തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെ ദൈവഹിതം വെളിപ്പെടൂന്നത്) നിഷേധത്തിലൂടെ ഇസ് ലാം ഒരു മനുഷ്യമാത്ര ദര്‍ശനമായി ചുരങ്ങുകയായിരിക്കും ഫലം.
ദൈവം-മനുഷ്യന്‍, ഇരവ്-പകല്‍, പുരുഷന്‍-സ്ത്രീ,ആത്മാവ്-ശരീരം, പ്രണയം-വിവാഹം , മുതലാളി-തൊഴിലാളി, വ്യക്തി-സമൂഹം തുടങ്ങിയ ദ്വന്ദങ്ങളെ മനോഹരമായി സമന്വയിപ്പിക്കാനും വിദഗ്ദമായി പൂരിപ്പിക്കാനും ഇസ് ലാമിനു കഴിയുന്നു. പുരുഷനു ലഭിക്കുന്നതെല്ലാം സ്ത്രീക്ക് ലഭിക്കുന്ന സമത്വം ഭൂമിയില്‍ സംഭവിക്കുന്ന കാര്യമല്ല. അത് ഒരു മനുഷ്യനെപ്പോലെ മറ്റു മനുഷ്യരും ഒരു സ്ര്യഷ്ടിയെപ്പോലെ മറ്റ് സ്ര്യഷ്ടികളും ഒരു വസ്തുവിനെപ്പോലെ മറ്റു വസ്തുക്കളും ആയിരിക്കേണ്ട അവസ്ഥയാണു. ഇവിടെ പ്രപഞ്ചം നിലനില്‍ക്കുകയില്ല. പരലോക നീതീയെന്ന ആശയം ഈ വൈരുദ്ധ്യങ്ങളെ യുക്തിഭദ്രമായി അംഗീകരിക്കാന്‍ ഇസ് ലാമിനെ പ്രാപ്തമാക്കുന്നു. മനുഷ്യകര്‍മ്മങ്ങളുടെ ഫലം അന്തിമമായി തീര്‍പ്പുകല്പ്പിക്കപ്പെടൂന്നത് ആകാശങ്ങളിലാണെന്ന അടിസ്ഥാന യാഥാര്‍ത്ഥ്യമാണത്. ഓരോ നന്മയും അംഗീകരിക്കപ്പെടുമെന്നും ഓരോ തിന്മയും വിചാരണ ചെയ്യപ്പെടൂമെന്നും ഉള്ള ഈ പരലോക ചിന്ത തന്നെയാണു ഇസ്ലാമിന്റെ സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക -സദാചാര കുടുംബ ക്രമങ്ങളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നതും. അതിലൂന്നിക്കൊണ്ടാണു സ്ത്രീയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതും.


'ബര്‍സ'യില്‍ പക്ഷേ അങ്ങിനെയല്ല. അവിടെ സമാന്തരമായി നീങ്ങുന്ന , പുരുഷനോട് മല്‍സരിക്കുന്ന സ്ത്രീയാണുള്ളത്. പുരുഷന്റെ ഒപ്പം എത്തലാണവളുടെ ആവശ്യം (പേജ്. 17). ഈ സങ്കല്പ്പം ഫെമിനിസത്തിന്റെതാണു. ഇസ്ലാമിന്റെതല്ല. അതിനൊരു സമരമൂല്യമുണ്ടായിരിക്കാം. പക്ഷേ ആത്യന്തികമായ സത്യമല്ല. ഇതില്‍ ഒളിഞ്ഞു കിടക്കുന്ന തിന്മ വളരെ വലുതാണു.ആത്യന്തികമായ പുരുഷപക്ഷം കൊണ്ടുണ്ടായ അപകടങ്ങളുടെ ഒരു പെണ്‍ പതിപ്പായിരിക്കും ആത്യന്തിക പെണ്‍പക്ഷം കൊണ്ടുണ്ടാകുക.

'ബര്‍സ'യിലെ മാത്ര്യത്വം ദൈവത്തെക്കാള്‍ വലിയ ദൈവമാകുന്നു. ആത്യന്തികമായ സ്ത്രീ അവതരമാണിത്. 'ബര്‍സ'യിലെ ദൈവത്തിനും പ്രവാചകനും മാതാവിനുമെല്ലാം ആര്‍ഷ ഭാരതീയ സങ്കല്പ്പങ്ങളിലെ നിറവും മണവുമാണുള്ളത്.
രചനാ തന്ത്രങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നതല്ല, ആശയം ചര്‍ച്ച ചെയ്യുന്നു എന്നതാണു 'ബര്‍സ'യുടെ പ്രസക്തി എന്ന് 'ബര്‍സ' അവകാശപ്പെടുന്നു. എന്നാല്‍ ഒരു സര്‍ഗസ്ര്യഷ്ടിയുടെ ഭദ്രതയില്ലാത്ത 'ബര്‍സ'ക്ക് ആശയചര്‍ച്ചക്ക് വേണ്ട പ്രത്യയശാസ്ത്രപരമായ ആധികാരികതയും ഇല്ല.ഒരു ദര്‍ശനത്തെ അതിന്റെ സങ്കേതങ്ങളില്‍ നിന്നല്ലാതെ വിലയിരുത്തല്‍, യാഥാര്‍ത്ഥ്യവും ഭാവനയും കുഴഞ്ഞുമറിഞ്ഞ അവതരണം, നിലപാടുകളിലെ വൈരുദ്ധ്യം, ഒഴുക്കന്‍ വര്‍ത്തമാനങ്ങള്‍, പ്രാദേശികതയോടുള്ള യുക്തിഹീനമായ മമത, ആരോപണങ്ങളിലെ അടിസ്ഥാനമില്ലായ്മ തുടങ്ങിയവക്ക് ധാരാളം ഉദാഹരണങ്ങള്‍ 'ബര്‍സ'യിലുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന ആശയത്തെക്കുറിക്കുന്ന ഓരോ പദവും പ്രയോഗങ്ങളും സൂക്ഷ്മമായ വിലയിരുത്തലിനും അപഗ്രഥനത്തിനും വിധേയമാകും. കാരണം, അവ ുപയോഗികുന്നവരുടെ അറിവിന്റെയും യോഗ്യതയുടെയും അടയാളങ്ങളാണല്ലോ.


അള്ളാഹുവിനെ ക്ഷിപ്രകോപി എന്നു വിശേഷിപ്പിക്കുമ്പോഴും ഭൂമിയിലെ ജീവിതം മായയാണെന്ന് ഖുര്‍ ആന്‍ പറയുന്നുവെന്ന് വാദിക്കുമ്പോഴും മജ്ജയും, മാംസവുമുള്ള , ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവരുടെ വിചാരങ്ങളും വര്‍ത്തമാനങ്ങളുമെല്ലാം നിറം കലര്‍ത്തി അവതരിപ്പിക്കുമ്പോഴും കുറഞ്ഞ് പോകുന്നത് ക്ര്യതിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടൂന്നത് അവതരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയുമാണു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്ത പലര്‍ക്കും 'ബര്‍സ' വായിച്ചപ്പോള്‍ അതിനെക്കുറിച്ച് പലതു മനസിലായി എന്ന് നോവലിസ്റ്റ് പറയുമ്പോള്‍ വിശേഷിച്ചും ( മാത്ര്യഭൂമി ആഴ്ചപ്പതിപ്പ്. 2008 മെയ് 11). കാരണം നോവലില്‍ ചരിത്രവും ഭാവനയും വേര്‍തിരിച്ചറിയാവുന്ന ഒന്നും തന്നെയില്ല. ഇസ്ലാമില്‍ സങ്കല്പങ്ങള്‍ക്കും ഭാവനക്കും യാതൊരു സ്ഥാനവുമില്ലെന്നും "ഇറ്റ് ഈസ് എ റിലീജ്യന്‍ ഓഫ് ഫാക്ട്സ് ഓണ്‍ലി" എന്നും ഒരിടത്ത് ഡോ.സബിത പറയുന്നുണ്ട്. തീര്‍ച്ചയായും ഇസ്ലാമില്‍ ഭാവനക്ക് സ്ഥാനമുണ്ട്. ഇസ് ലാമിന്റെ സത്ത ഉള്‍ക്കൊണ്ടൂം അടിസ്ഥാനങ്ങള്‍ അംഗീകരിച്ചും കൊണ്ടാവുമ്പോള്‍ മാത്രമേ സങ്കല്പ്പവും ഭാവനയും സ്ര്യഷ്ടിപരമാവൂ എന്നു മാത്രം. അല്ലാതെ മിത്തു വല്‍ക്കരണവും പ്രവചകത്വ ഭ്രമാത്മക മനസ്സും ഭൂമിയിലെ ജീവിതം മായയും ദൈവം നിഷ്ക്രിയനായ കാവല്‍ക്കാരനുമൊക്കെയാകുമ്പോള്‍ ഇസ്ലാം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുകയാണു ചെയ്യുക.
തന്റെതായതെല്ലാം മെച്ചമെന്ന കാഴ്ചപ്പാട് ഇസ് ലാമിന്റെ ആത്മാവറിയാതെ ജഡം മാത്രം സ്വീകരിക്കുന്ന ആര്‍ക്കും സംഭവിക്കാവുന്നതാണു. ഈ ചിന്ത ഒരിക്കലും ഇസ്ലാമിനെ വികസിപ്പിക്കുകയില്ല. മറിച്ച്, തനിക്കിഷ്ടമുള്ളതെ മാത്രം പെറുക്കിയെടുത്ത് അല്ലാത്തതിനെ എതിര്‍ത്ത് ഇല്ലാതാക്കുന്ന ശ്രമങ്ങളിലാണെത്തിച്ചേരുക. അതാണു കള്‍ച്ചറല്‍ ലിബറല്‍ പൊളിറ്റിക്കല്‍ ഫെമിനിസ്റ്റ് ഇസ് ലാമുകളായി രംഗപ്രവേശം ചെയ്തു കൊണ്ടിരിക്കുന്നതും.

2 comments:

സാലിഹ said...
This comment has been removed by the author.
സാലിഹ said...

'ബര്‍സ'യില്‍ പക്ഷേ അങ്ങിനെയല്ല. അവിടെ സമാന്തരമായി നീങ്ങുന്ന , പുരുഷനോട് മല്‍സരിക്കുന്ന സ്ത്രീയാണുള്ളത്. പുരുഷന്റെ ഒപ്പം എത്തലാണവളുടെ ആവശ്യം (പേജ്. 17). ഈ സങ്കല്പ്പം ഫെമിനിസത്തിന്റെതാണു. ഇസ്ലാമിന്റെതല്ല. അതിനൊരു സമരമൂല്യമുണ്ടായിരിക്കാം. പക്ഷേ ആത്യന്തികമായ സത്യമല്ല. ഇതില്‍ ഒളിഞ്ഞു കിടക്കുന്ന തിന്മ വളരെ വലുതാണു.ആത്യന്തികമായ പുരുഷപക്ഷം കൊണ്ടുണ്ടായ അപകടങ്ങളുടെ ഒരു പെണ്‍ പതിപ്പായിരിക്കും ആത്യന്തിക പെണ്‍പക്ഷം കൊണ്ടുണ്ടാകുക.